Friday, November 12, 2010

സാംസ്‌കാരികവെടിയുടെ പ്രതിധ്വനികള്‍

അയ്യപ്പന്‍ എന്ന അരാജകവാദിയുടെ മരണം കേരളത്തിലെ മാധ്യമലോകവും ഭരണവര്‍ഗ്ഗവും സാംസ്‌കാരിക കോമാളിക്കൂട്ടവും ആഘോഷിച്ചുതീര്‍ക്കുകയാണ്‌. ആര്‍ക്കും വേണ്ടാത്തവനായി അലഞ്ഞിരുന്ന ഒരു കവി തെരുവില്‍ മരിച്ചുവീണപ്പോള്‍ ആ ശവത്തിനുവേണ്ടി പിടിവലികൂട്ടാനെത്തിയവരെക്കണ്ട്‌ അമ്പരന്നുപോകുന്നു. അയ്യപ്പന്‍ ശല്യക്കാരനായിരുന്നു. ഒരിടത്തും ഒതുങ്ങാത്തവനായിരുന്നു. ആരേയും കൂസാത്തവനായിരുന്നു. അനീതി കണ്ടാല്‍ ഏതു തമ്പുരാനോടും നേര്‍ക്കുനേര്‍നിന്ന്‌ പോരടിക്കാന്‍ ധൈര്യമുള്ളവനായിരുന്നു. സര്‍വോപരി വ്യവസ്ഥിതിയോട്‌ കലഹിക്കുന്ന മനുഷ്യസ്‌നേഹിയായിരുന്നു. ഈ ഗുണങ്ങളുള്ള ഏതെങ്കിലുമൊരുത്തനെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന രാഷ്‌ട്രീയക്കാരും, വ്യക്തിത്തം ഇസ്‌തിരിയിട്ടു ധരിക്കുന്ന സാംസ്‌കാരിക-സാഹിത്യജീവികളും അംഗീകരിക്കുമോ? ഇല്ല. അതാണ്‌ അയ്യപ്പന്‍ ജീവിച്ചിരിന്ന കാലത്ത്‌ സംഭവിച്ചത്‌.
എ.അയ്യപ്പന്‍ എന്ന കവിയെ മേല്‍പ്പറഞ്ഞ ഇസ്‌തിരിക്കുട്ടപ്പന്‍മാരൊക്കെ അകറ്റി നിര്‍ത്തി. രണ്ടായിരുന്നു കാരണങ്ങള്‍. ഒന്ന്‌-അയ്യപ്പന്‍ ലഹരി സേവിക്കാന്‍ കാശ്‌ കടം ചോദിക്കും. രണ്ട്‌- അവന്‍ അപ്രിയസത്യങ്ങള്‍ ആള്‍ക്കൂട്ടത്തിനുനടുവില്‍നിന്ന്‌ വിളിച്ചുപറയും. ധനനഷ്‌ടവും മാനനഷ്‌ടവും ഒഴിവാക്കാന്‍ അയ്യപ്പനില്‍നിന്ന്‌ മാറിനടക്കുന്നത്‌ ബുദ്ധി!
എ.അയ്യപ്പന്‌ ആശാന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ച ഒരാളാണ്‌ ഈയുള്ളവന്‍. `മാന്യനായ' ഏതെങ്കിലുമൊരു കവിയ്‌ക്കായിരുന്നു ആ പുരസ്‌കാരമെങ്കില്‍ പത്രങ്ങളായ പത്രങ്ങളൊക്കെ അത്‌ ഒന്നാംപേജില്‍ വെണ്ടയ്‌ക്കയായി നിരത്തുമായിരുന്നു. പക്ഷേ, അയ്യപ്പന്‍ കാവ്യലോകത്തെ അധഃകൃതന്‍. അയാള്‍ക്ക്‌ അവാര്‍ഡ്‌ കിട്ടുമ്പോള്‍ വാര്‍ത്ത ഉള്‍പ്പേജിലെ ഒറ്റക്കോളത്തിലൊതുങ്ങണം. ആശാന്‍ പുരസ്‌കാരവാര്‍ത്തയ്‌ക്കും അതാണ്‌ സംഭവിച്ചത്‌. ആ ഒരു നിലപാടിനോടുള്ള പ്രതിഷേധമായാണ്‌ `യഥാര്‍ത്ഥ കവിയ്‌ക്ക്‌ പ്രണാമം' എന്ന തലക്കെട്ടോടെ സെപ്‌തംബര്‍ 29 ന്‌ ഈ പംക്തിയില്‍ ഒരു ലേഖനമെഴുതിയത്‌. ആശാന്‍പുരസ്‌കാരം വാങ്ങാനുള്ള ട്രെയിന്‍യാത്ര തുടങ്ങുംമുമ്പേ കുപ്പായക്കൈമടക്കില്‍ ഒരു കവിതാശകലം തിരുകിവെച്ച്‌ അയ്യപ്പന്‍ ലഹരിതിന്നു ദുര്‍ബലമാക്കിയ ശരീരമുപേക്ഷിച്ചു പൊയ്‌ക്കളഞ്ഞു.
തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡിനുമുന്നില്‍ അജ്ഞാതവാഹനമിടിച്ച്‌, അജ്ഞാതനായി അയ്യപ്പന്‍ കിടന്നു. ആരെല്ലാമോ ചേര്‍ന്ന്‌ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. മരണം അപ്പോഴേയ്‌ക്കും അയ്യപ്പനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ആശുപത്രിമോര്‍ച്ചറിയില്‍ അജ്ഞാതജഢമായി പിന്നേയും രണ്ടുനാള്‍. ഒടുവില്‍ ആരോ കവിയെ തിരിച്ചറിയുന്നു. പെട്ടെന്ന്‌ രംഗമുണര്‍ന്നു. അയ്യപ്പന്റെ ശവത്തിനുവേണ്ടി ആളുകള്‍ ഓടിക്കൂടുകയാണ്‌ പിന്നെ. സംസ്‌കാരം ഔദ്യാഗികബഹുമതികളോടെയെന്ന്‌ സാംസ്‌കാരികമന്ത്രി. സംഗതി ഔദ്യാഗികമാവുമ്പോള്‍ ആകാശത്തേക്ക്‌ വെടിവേണം. വെടിക്കാരായി പൊലീസുകാര്‍ തന്നെവേണം. സര്‍ക്കാര്‍ ചെലവില്‍ റീത്തുണ്ട്‌. റീത്തുവെയ്‌ക്കാന്‍ മന്ത്രി നേരിട്ട്‌ എഴുന്നെള്ളും.
ഇതിനിടെയിലാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌. വോട്ടിംഗ്‌ ദിനത്തിലെ ക്രമസമാധാനപാലനത്തിന്‌ മേല്‍പ്പറഞ്ഞ വെടിക്കാര്‍ തന്നെ പോകണമല്ലോ. അതുകൊണ്ട്‌ അയ്യപ്പനുള്ള വെടി രണ്ടുനാള്‍ നീട്ടിവെയ്‌ക്കാമെന്ന്‌ സാംസ്‌കാരികവകുപ്പുവക തീരുമാനം. തെരഞ്ഞെടുപ്പുതിരക്കുകള്‍ കഴിഞ്ഞുമതി ശവമെടുപ്പ്‌. അങ്ങനെ രണ്ടുനാള്‍കൂടി അയ്യപ്പന്‍ മോര്‍ച്ചറിത്തണുപ്പില്‍ കിടന്നു. എന്റെ കടപ്പാടുകള്‍ കമ്മ്യൂണിസത്തില്‍ ആണ്‌ എന്നെഴുതിയ കവിയാണ്‌ അയ്യപ്പന്‍. ആ കവിക്ക്‌ ഒരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ നല്‍കിയ ആദരം ഇവ്വിധമായി!
ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ എസ്‌.എഫ്‌.ഐയുടെ സെക്രട്ടറിയായിരുന്നു അയ്യപ്പന്‍. അക്കാലത്ത്‌ ജയില്‍വാസവുമുണ്ടായി. പ്രമുഖരായ കമ്മ്യൂണിസ്റ്റുകാരുമായി അയ്യപ്പന്‌ വലിയ സൗഹൃദങ്ങളുണ്ടായിരുന്നു. ഇ.എം.എസ്‌ എന്ന വിപ്ലവാചാര്യന്‍ മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയ്‌ക്കല്‍നിന്ന്‌ പൊട്ടിക്കരയുന്ന അയ്യപ്പനെ നാം കണ്ടതാണ്‌. ഈ ജീവിതത്തില്‍നിന്ന്‌ എന്നെങ്കിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അന്ന്‌ വിപ്ലവമുണ്ടാകുമെന്നും പണ്ട്‌ അയ്യപ്പന്‍ പറഞ്ഞിരുന്നു. അത്‌ ഏതൊരു കവിയുടേയും സ്വപ്‌നമാണ്‌. എഴുത്തുകാരന്റെ മനസിന്റെ തെളിച്ചമാണ്‌. പക്ഷേ, ആ ജീവിതത്തില്‍നിന്നും അയ്യപ്പന്‍ ഉയിര്‍ത്തെഴുന്നേറ്റില്ല. വിപ്ലവം ഉണ്ടാക്കിയതുമില്ല. ഉണ്ടായത്‌ വിപ്ലവകാരികളെന്ന്‌ സ്വയം അഭിമാനിക്കുന്നവര്‍ ആകാശത്തേക്കുവെച്ച ഉണ്ടയില്ലാവെടിമാത്രം. ആ വെടിയ്‌ക്കുവേണ്ടി അയ്യപ്പന്‍ എന്ന മഹാനായ കവിയുടെ മൃതശരീരം മോര്‍ച്ചറിയുടെ ദയയില്ലാക്കുളിരില്‍ രണ്ടു ദിവസം കിടന്നു. മരിച്ചത്‌ അയ്യപ്പനായതുകൊണ്ടുമാത്രമാണ്‌ ആ ജഢം കനിവുകാത്തുകിടക്കേണ്ടിവന്നത്‌. കാരണം, ചോദിക്കാനും പറയാനും ആരുമില്ല. ഇനി ആരെങ്കിലും ചോദ്യം ചെയ്യാന്‍ വന്നാല്‍, ലെനിന്റെ മൃതദേഹം എത്രകാലമായി മോസ്‌കോയിലെ മുസോളിയത്തില്‍ കിടക്കുന്നു എന്ന, വിപ്ലവസ്‌ഖലിതംപുരണ്ട ഒരു ചോദ്യമങ്ങ്‌ ചോദിക്കാം.
ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കും വേണ്ടായിരുന്നു അയ്യപ്പനെ. അയാളുടെ കവിതകള്‍ മാത്രമായിരുന്നു ഏവര്‍ക്കും ആവശ്യം. പ്രസാധകര്‍ പുസ്‌തകങ്ങള്‍ തുടരെ അടിച്ചുവിട്ടു. ആനുകാലികങ്ങളില്‍ അയ്യപ്പന്‍കവിത ഭംഗിയായി ലേഔട്ട്‌ ചെയ്യപ്പെട്ടു. അയ്യപ്പന്‌ എത്ര കാശുകിട്ടി? അജ്ഞാതം. മാളമില്ലാത്ത പാമ്പായിരുന്നല്ലോ അയ്യപ്പന്‍. മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി ജീവിച്ചവന്‍. അയാള്‍ക്ക്‌ എന്തിന്‌ പണം?
ഏതായാലും അയ്യപ്പന്റെ മരണം എല്ലാവരും ശരിക്കുമാഘോഷിച്ചു. ആചാരവെടിയുടെ മുഹൂര്‍ത്തം കുറിച്ച രാഷ്‌ട്രീയക്കോമരങ്ങള്‍ മുതല്‍, മരിച്ചവന്റെ തലയ്‌ക്കലിരുന്ന്‌ രാമായണം വായിക്കുംപോലെ അയ്യപ്പക്കവിതകള്‍ ഉറക്കെപ്പാടിയ സാംസ്‌കാരികക്കോമാളികള്‍ വരെ.
ഒന്നാലോചിച്ചാല്‍, ദൃശ്യമാധ്യമങ്ങളാണ്‌ ഇവറ്റകളെയൊക്കെ ഇങ്ങനെ ദുഷിപ്പിച്ചത്‌. ചാനല്‍ ക്യാമറകണ്ടാല്‍ എന്തിനും മുതിരുന്ന ചില രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരിക ജീവികളുണ്ട്‌. അവരാണ്‌ മരിച്ചുകിടക്കുന്നവന്റെ തലയ്‌ക്കലിരുന്ന്‌ കറകറാ ശബ്‌ദത്തില്‍ കവിത വിളിച്ചുകൂവിയത്‌. മരിച്ചത്‌ അയ്യപ്പനാണെന്നതുതന്നെ ഇതിനും കാരണം. ചോദിക്കാനും പറയാനും ആളുള്ള കുടുംബത്തിന്റെ പൂമുഖത്തേക്കാണ്‌ ഇങ്ങനെ കവിതക്കോമാളിത്തവുമായി അവര്‍ ചെന്നതെന്നിരിക്കട്ടെ. മരിച്ചയാളുടെ ബന്ധുക്കള്‍ കറകറപ്പാട്ടുകാരന്റെ കരണക്കുറ്റി തകര്‍ത്തുവിടില്ലേ?
അരാജകവാദിയുടെ ജീവിതം അയ്യപ്പന്‍ സ്വയം തെരഞ്ഞെടുത്തതായിരുന്നു. ഏകാകിയുടെ പാതയും ആ തെരഞ്ഞെടുപ്പിന്റെ ഭാഗം തന്നെ. വ്യക്തിത്വത്തെ ഇസ്‌തിരിയിട്ടും താടിവെട്ടിയൊതുക്കിയും പൗഡര്‍പൂശിയും കൊണ്ടുനടക്കുന്നവര്‍ക്ക്‌ മനസിലാക്കാനാവാത്ത ജീവിതമാണ്‌ അയ്യപ്പനെപ്പോലുള്ളവരുടേത്‌. അയ്യപ്പന്‍ മരിച്ചുപോയതിലല്ല എന്റെ ദുഃഖം. സാംസ്‌കാരികവെടികാത്ത്‌ മോര്‍ച്ചറിയില്‍ കിടക്കാന്‍ നമുക്ക്‌ മറ്റൊരയ്യപ്പനില്ലല്ലോ. അതാണ്‌ ദുഃഖം.