Wednesday, October 20, 2010

ചീരയും വേരനും അവരുടെ വോട്ടും

``കോണ്‍ഗ്രസുകാര്‌ വന്നു. കൈപ്പത്തിക്ക്‌ വോട്ട്‌ കുത്തീലെങ്കി പോലീസിനെക്കൊണ്ട്‌ പിടിപ്പിക്കുമെന്ന്‌ പറഞ്ഞു.''
വെറ്റില തിന്നു തേഞ്ഞുപോയ പല്ലുകള്‍ കാട്ടി പരിഹസിച്ച്‌ ചിരിച്ചുകൊണ്ടാണ്‌ ചീര ഇതു പറഞ്ഞത്‌. അവള്‍ ഒരു കാര്യം കൂടി പറഞ്ഞു. ``അരിവാളിന്‌ വോട്ടുകൊടുത്താ വീട്‌ നന്നാക്കിത്തരാമെന്ന്‌ മാര്‍ക്കിസ്റ്റുകാര്‌ പറഞ്ഞിട്ടുണ്ട്‌.''
ചീര ആദിവാസി സ്‌ത്രീയാണ്‌. പണിയവിഭാഗത്തില്‍പ്പെട്ടവള്‍. വയസ്‌ എത്രയായെന്നു ചോദിച്ചാല്‍ അന്‍പതായെന്ന്‌ പറയും. കുറേക്കാലമായി ഈ അന്‍പതില്‍ ഉറച്ചുനില്‍ക്കുന്നു. ഇനിയും കുറേക്കാലം കൂടി ചീരയുടെ വയസ്‌ അന്‍പതുതന്നെയായിരിക്കും.
ഈ ലേഖകന്‌ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ചീരയെ കാണുന്നുണ്ട്‌. ഞങ്ങളുടെ പറമ്പിലെ പണിക്കാരാണ്‌ ചീരയും അവളുടെ ഭര്‍ത്താവ്‌ വേരനും. അയാളും നിത്യവസന്തമാണ്‌. വയസെത്രയായെന്നു ചോദിച്ചാല്‍ അന്‍പതെന്ന്‌ വേരനും പറയും. ചീരയും വേരനും ഞങ്ങളുടെ ആശ്രിതരോ അടിയാന്‍മാരോ അല്ല. അത്തരം സങ്കല്‍പങ്ങളിലൊന്നും ഞങ്ങളും അവരും വിശ്വസിക്കുന്നില്ല. പറമ്പില്‍ പണിയുണ്ടെങ്കില്‍ അവര്‍ വരും. പണിയില്ലെങ്കില്‍ കുടിലില്‍ അരി തീരുമ്പോഴും വരും. അതവരുടെ അവകാശമാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളും.
ഇത്തവണ നാട്ടില്‍ ചെന്നപ്പോഴാണ്‌ കുറേ നാളുകൂടി ചീരയേയും വേരനെയും കണ്ടത്‌. ഒരു മാറ്റവുമില്ല. കുളിച്ച്‌ കുറിതൊട്ട്‌ വൃത്തിയുള്ള വേഷം ധരിച്ച്‌ ഉണ്ണാന്‍ വന്നതാണ്‌. ഇപ്പോഴും വയസ്‌ അന്‍പതുതന്നെ.
തെരഞ്ഞെടുപ്പുകാലമാണ്‌. അവസാനവട്ട പ്രചരണത്തിന്റെ ഉച്ചഭാഷിണിപ്പദങ്ങള്‍ റോഡില്‍നിന്നും വീട്ടുമുറ്റത്തോളം തെറിച്ചുവീണുകൊണ്ടിരുന്നു. ഞങ്ങളുടെ നാടിന്റെ ശബ്‌ദം പഞ്ചായത്തില്‍ എത്തിക്കുന്നതിനായി കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്‌. ആര്‌ ജയിക്കുമെന്നത്‌ കണ്ടറിയണം. ആരു ജയിച്ചാലും കോരന്‌ കഞ്ഞി കുമ്പിളില്‍ത്തന്നെയെന്നത്‌ വേറെ കാര്യം.
വിഷുപ്പടക്കത്തെ വെല്ലുന്ന വാക്‌ധോരണിയുമായി അനൗണ്‍സ്‌മെന്റ്‌ ജീപ്പുകള്‍ തലങ്ങും വിലങ്ങും പായുമ്പോഴാണ്‌ ചീര വോട്ടുപിടുത്തക്കാരെപ്പറ്റി പറഞ്ഞത്‌. വയലിനു നടുവിലൂടെ ഒഴുകുന്ന തോട്ടിന്‍വക്കത്തെ പണിയകോളനിയിലാണ്‌ ചീരയുടെ വീട്‌. എല്ലാ പാര്‍ട്ടിക്കാരും അവിടെ വോട്ടുതേടി എത്തിയിരുന്നു.
``കോണ്‍ഗ്രസുകാര്‌ വന്നു. വോട്ട്‌ കൈപ്പത്തിക്ക്‌ കുത്തണമെന്ന്‌ പറഞ്ഞു.''
കൈപ്പത്തിചിഹ്നം ചീരയ്‌ക്ക്‌ കുറേക്കാലമായി പരിചിതമാണ്‌.
``ഞാന്‍ പറഞ്ഞു കൈപ്പത്തിക്ക്‌ വോട്ടില്ലാന്ന്‌. അപ്പോ കോണ്‍ഗ്രസുകാര്‌ പറഞ്ഞു വോട്ട്‌ ചെയ്‌തില്ലെങ്കില്‍ പോലീസിനെക്കൊണ്ട്‌ പിടിപ്പിക്കുമെന്ന്‌. ഞാന്‍ പറഞ്ഞു പിടിപ്പിക്കാന്‍. പിടിക്കട്ടെ പോലീസ്‌. എന്നാലും അവര്‌ക്ക്‌ വോട്ടില്ല.''
ഇടതുപക്ഷത്തുനിന്നും ആളുകള്‍ വോട്ടുതേടി കോളനിയില്‍ ചെന്നിരുന്നു. പക്ഷമൊന്നും ചീരയ്‌ക്കറിയേണ്ട. അവളുടെ കണ്ണില്‍ ഇടതുപക്ഷക്കാരെല്ലാം മാര്‍ക്കിസ്റ്റുകാരാണ്‌. അരിവാള്‍ ചിഹ്നക്കാര്‍.
``അരിവാളിന്‌ വോട്ടുകുത്തണമെന്ന്‌ അവര്‌ പറഞ്ഞു. ഞാന്‍ പറഞ്ഞു കുത്തില്ലാന്ന്‌. അപ്പോ അവര്‌ വീട്‌ നന്നാക്കിത്തരാമെന്ന്‌ പറഞ്ഞു. എന്നാലും അരിവാളിന്‌ കുത്തില്ലാന്ന്‌ ഞാന്‍ പറഞ്ഞു.''
പിന്നെ എത്തിയത്‌ ബി.ജെ.പിക്കാരാണ്‌. ആദിവാസികോളനിയില്‍ അവര്‍ ഹിന്ദുത്വകാര്‍ഡ്‌ ഇറക്കി.
``നമ്മളൊക്കെ ഹിന്ദുക്കളാണ്‌. മാപ്പിളമാര്‍ക്ക്‌ വോട്ട്‌ ചെയ്യരുത്‌. താമര ചിഹ്നത്തില്‍ ചെയ്യണം.''
``ഒരു ഹിന്ദൂനും വോട്ടു ചെയ്യില്ല.''
ചീര താമര പിഴുത്‌ ദൂരെയെറിഞ്ഞു.
ഇക്കഥ കേട്ടപ്പോള്‍ ഈ ലേഖകന്‌ ഉള്ളില്‍ ചെറിയൊരു സന്തോഷം തോന്നി. എത്ര കാലമായി ആദിവാസികള്‍ രാഷ്‌ട്രീയക്കാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എതിര്‍ത്തു സംസാരിക്കാനുള്ള കെല്‍പെങ്കിലും അവര്‍ ആര്‍ജിച്ചല്ലോ?
``അപ്പോള്‍ പിന്നെ ചീര ആര്‍ക്ക്‌ വോട്ടുചെയ്യും?'' ഈയുള്ളവന്‍ ചോദിച്ചു.
``ആര്‍ക്കും വോട്ട്‌ ചെയ്യില്ല. എന്തിനാ വോട്ട്‌ ചെയ്യുന്നത്‌? വോട്ട്‌ കഴിഞ്ഞാല്‍ ഇവനെയൊക്കെ പിന്നെ കാണാനുണ്ടാവുമോ?''
അതൊരു പ്രസക്തമായ ചോദ്യമാണ്‌. കേരളത്തില്‍ ആദിവാസികള്‍ക്കും ദളിത്‌-പിന്നോക്ക വിഭാഗങ്ങള്‍ക്കുമായി 40ലക്ഷം വോട്ടുണ്ട്‌. ഈ വോട്ടുകളൊക്കെ കാലാകാലങ്ങളില്‍ തങ്ങളുടെ വിജയത്തിനായി ഉപയോഗപ്പെടുത്തിയ രാഷ്‌ട്രീയക്കാര്‍ തിരികെ എന്താണ്‌ നല്‍കിയത്‌? അരി ചോദിച്ചപ്പോള്‍ അടി. ഭൂമി ചോദിച്ചപ്പോള്‍ വടിയും വെടിയുണ്ടയും. ഭാരതം സ്വതന്ത്രമായി ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കേരളത്തിലെ ആദിവാസി-ദളിത്‌ വിഭാഗങ്ങളുടെ അവസ്ഥ ഇതൊക്കെത്തന്നെയാണ്‌.
രാഷ്‌ട്രീയക്കാര്‍ക്ക്‌ ആദിവാസികളോട്‌ പ്രേമം തോന്നുന്നത്‌ ഇലക്ഷന്‍ കാലത്തു മാത്രമാണ്‌. അരിയും മീനും പണവും മദ്യവുമൊക്കെ വോട്ടിനു വേണ്ടി അവര്‍ ആദിവാസികളുടെ മുന്നില്‍വെയ്‌ക്കും. ഒരിക്കലും നടക്കാത്ത ഒരുപാട്‌ വാഗ്‌ദാനങ്ങളും. ഈ കാപട്യം ആദിവാസികള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതാണ്‌ ചീരയുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. എങ്കിലും ആശ്വാസത്തിനു വകയില്ല. ആദിവാസി-ദലിത്‌ വിഭാഗങ്ങളെ എങ്ങിനെ മെരുക്കണമെന്ന്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ അറിയാമല്ലോ.
സദ്യയുണ്ട്‌, ചായ്‌പിലെ നീളന്‍ബെഞ്ചില്‍ അല്‍പനേരം കിടന്നുറങ്ങി വെയില്‍ ചാഞ്ഞപ്പോള്‍ ചീരയും വേരനും പോയി. അവരുടെ വോട്ട്‌ ആര്‍ക്ക്‌ കിട്ടിയിരിക്കും?